ബില്‍ക്കിസ് ബാനു കേസ്: ഗുജറാത്തിന് അപേക്ഷ നല്‍കാത്ത കുറ്റവാളിയെപ്പോലും മോചിപ്പിച്ചു- സുപ്രീംകോടതി

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട രാധേശ്യാം ഭഗവന്‍ദാസ് ഷാ ശിക്ഷ ഇളവിനായി ഗുജറാത്ത് സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടില്ലെന്ന് സുപ്രീംകോടതി. മഹാരാഷ്ട്ര സര്‍ക്കാരിനാണ് രാധേശ്യാം ഭഗവന്‍ദാസ് അപേക്ഷ നല്‍കിയതെന്നും, അതിനാല്‍ ഗുജറാത്ത് സര്‍ക്കാരിന് അപേക്ഷയുടെ പകര്‍പ്പ് സുപ്രീംകോടതിയില്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്നും ജസ്റ്റിസ് ബി.വി നാഗരത്‌ന അധ്യക്ഷയായ സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. രാധേശ്യാം ഷായ്ക്ക് എതിരെ ഗുരുതരമായ മറ്റ് ചില ആരോപണങ്ങളും 251 പേജ് ദൈര്‍ഘ്യമുള്ള വിധിയില്‍ ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉന്നയിച്ചിട്ടുണ്ട്.


വിധിയിലെ ചോദ്യങ്ങളും, ഉത്തരങ്ങളും

കേസുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങള്‍ക്കാണ് വിധിയില്‍ ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉത്തരം നല്‍കിയിട്ടുള്ളത്. വിധിയിലെ ചോദ്യങ്ങളും, ഉത്തരങ്ങളും ഇങ്ങനെ.

  1. കുറ്റവാളികളുടെ ശിക്ഷ ഇളവിന് എതിരെ അനുച്ഛേദം 32 പ്രകാരം സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്യാന്‍ ബില്‍ക്കിസ് ബാനുവിന് അവകാശം ഉണ്ടോ?

ശിക്ഷ ഇളവ് സംബന്ധിച്ച അപേക്ഷ പരിഗണിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദേശിച്ച സുപ്രീംകോടതിയുടെ മുന്‍ ഉത്തരവിനെതിരെ ബില്‍ക്കിസ് ബാനു പുനഃപരിശോധന ഹര്‍ജി നല്‍കിയിരുന്നു. ഈ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തില്‍ ബില്‍ക്കിസ് ബാനുവിന് തിരുത്തല്‍ ഹര്‍ജി മാത്രമേ നല്‍കാന്‍ കഴിയുകയുള്ളു എന്നായിരുന്നു പ്രതികളുടെ പ്രധാന വാദം. ശിക്ഷ ഇളവിനെതിരെ ബാനു ഹൈക്കോടതിയെ ആണ് ആദ്യം സമീപിക്കേണ്ടതെന്നും പ്രതികള്‍ വാദിച്ചിരുന്നു. എന്നാല്‍ ശിക്ഷ ഇളവ് സംബന്ധിച്ച അപേക്ഷ പരിഗണിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് രാധേശ്യാം ഷായ്ക്ക് സുപ്രീംകോടതിയെ നേരിട്ട് സമീപിക്കാമെങ്കില്‍ ബില്‍ക്കിസ് ബാനുവിനു ശിക്ഷ ഇളവിന് എതിരെ സുപ്രീംകോടതിയെ റിട്ട് ഹര്‍ജിയിലൂടെ നേരിട്ട് സമീപിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

  1. ശിക്ഷ ഇളവിനെതിരെ കേസുമായി നേരിട്ട് ബന്ധം ഇല്ലാത്തവര്‍ക്ക് പൊതുതാത്പര്യ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കാമോ?

കേസുമായി നേരിട്ട് ബന്ധം ഇല്ലാത്ത സുഭാഷിണി അലി, മൗഹുവ മൊയ്ത്ര തുടങ്ങിയവരുടെ പൊതുതാത്പര്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ല എന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെയും, കേന്ദ്ര സര്‍ക്കാരിന്റെയും വാദം. ശിക്ഷ ഇളവ് ലഭിച്ചവരും ഈ വാദം സുപ്രീംകോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ കേസില്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ട കാര്യമില്ലെന്ന് സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.

  1. ശിക്ഷ ഇളവ് നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരം ഉണ്ടോ?

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളുടെ ശിക്ഷ ഇളവ് സംബന്ധിച്ച തീരുമാനം എടുക്കാന്‍ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ ഏതാണ്? ക്രിമിനല്‍ നടപടി ചട്ടത്തിലെ 432 ആം വകുപ്പിന്റെ 7 ആം ഉപവകുപ്പ് പ്രകാരം വിചാരണ നടന്ന സംസ്ഥാനത്തിലെ സര്‍ക്കാരിനാണ് ശിക്ഷ ഇളവ് സംബന്ധിച്ച തീരുമാനം എടുക്കാന്‍ അധികാരം. മുംബൈയിലെ പ്രത്യേക കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ഈ സാഹചര്യത്തില്‍ ശിക്ഷ ഇളവ് സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് മഹാരാഷ്ട്ര സര്‍ക്കാര്‍ ആണ്.

ശിക്ഷ ഇളവ് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍്‌ദേശിക്കണമെന്ന് ആവശ്യപ്പെട്ട് രാധേശ്യാം ഷാ നല്‍കിയ ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി 2019 ല്‍ തള്ളിയിരുന്നു. ഇത് മറച്ച് വച്ചാണ് രാധേശ്യാം ഷാ ഇതേ ആവശ്യം ഉന്നയിച്ച് റിട്ട് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഇത് തട്ടിപ്പും കോടതിയെ വഞ്ചിക്കുന്നതിനും തുല്യമാണ്. വസ്തുതകള്‍ മറച്ച് വച്ചാണ് സുപ്രീംകോടതിയില്‍ നിന്ന് 2022 ല്‍ രാധേശ്യാം ഷാ ഉത്തരവ് കരസ്ഥമാക്കിയത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് സര്‍ക്കാര്‍ ശിക്ഷ ഇളവില്‍ തീരുമാനം എടുത്തത്. കോടതിയെ കബളിപ്പിച്ച് കരസ്ഥമാക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബില്‍ക്കിസ് ബാനുവുനെ കക്ഷി ചേര്‍ക്കാതെയാണ് രാധേശ്യാം ഷാ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയതെന്നും വിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ശിക്ഷ ഇളവിനായി മഹാരാഷ്ട്ര സര്‍ക്കാരിന് ആണ് അപേക്ഷ നല്‍കിയത് എന്ന കാര്യം രാധേശ്യാം ഷാ സുപ്രീംകോടതിയില്‍ നിന്ന് മറച്ച് വച്ചു. മറ്റ് കക്ഷികള്‍ ആരും ശിക്ഷ ഇളവിന് ആയി സുപ്രീംകോടതിയെ സമീപിച്ചിരുന്നില്ല. രാധേശ്യാം ഷാ നല്‍കിയ ഹര്‍ജിയിലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആണ് മറ്റ് പ്രതികള്‍ക്ക് ആനുകൂല്യം നല്‍കിയത്. ഇതും തെറ്റായ നടപടി ആണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

  1. ശിക്ഷ ഇളവ് നല്‍കി ഗുജറാത്ത് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് നിയമപ്രകാരം ആണോ?

ഗുജറാത്ത് സര്‍ക്കാര്‍ പുറത്ത് ഇറക്കിയ ഉത്തരവ് നിയമപ്രകാരം അല്ല. ക്രിമിനല്‍ നടപടി ചട്ടത്തിലെ 432 ആം വകുപ്പിന്റെ 7 ആം ഉപ വകുപ്പ് പ്രകാരം വിചാരണ നടന്ന മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആണ് തീരുമാനം എടുക്കേണ്ടിയിരുന്നത്. ഇക്കാര്യത്തില്‍ ഇല്ലാത്ത അധികാരമാണ് ഗുജറാത്ത് സര്‍ക്കാര്‍ വിനിയോഗിച്ചത്. മഹാരാഷ്ട്രയില്‍ നടന്ന വിചാരണയില്‍ തീരുമാനം എടുക്കാന്‍ അധികാരം ഇല്ലെന്ന് ഗുജറാത്ത് സര്‍ക്കാരിന് അറിയാമായിരുന്നു. ഇക്കാര്യം ഒരു സത്യവാങ്മൂലത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2022 ലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനം എടുത്തത്. 2022 ലെ വിധി തെറ്റാണ് എന്ന് അറിയാവുന്ന സാഹചര്യത്തില്‍ അതിന് എതിരെ പുനഃപരിശോധന ഹര്‍ജി നല്‍കി വിധിയിലെ പിഴവ് ഗുജറാത്ത് സര്‍ക്കാര്‍ തിരുത്തേണ്ടത് ആയിരുന്നു.

ഇത് ചെയ്യാതെ ഗുജറാത്ത് സര്‍ക്കാര്‍ രാധേശ്യാം ഷായും ആയി ഒത്ത് കളിച്ചു. കേസ് അന്വേഷണം സി.ബി.ഐ.ക്ക് കൈമാറിയ നടപടിയും, വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റിയ നടപടിയും ശരിയാണെന്ന് ഇതിലൂടെ തെളിയുന്നതായി സുപ്രീംകോടതി വ്യക്തമാക്കി. ശിക്ഷ ഇളവ് നല്‍കുമ്പോള്‍ വിചാരണ കോടതി ജഡ്ജിയുടെ അഭിപ്രായം തേടേണ്ടത് ആണ്. ഈ കേസില്‍ വിചാരണ നടത്തിയ സി.ബി.ഐ. സ്പെഷ്യല്‍ കോടതി ജഡ്ജിയുടെ അഭിപ്രായം കണക്കിലെടുത്തില്ല. അതിന് പകരം കുറ്റകൃത്യം നടന്ന ഗോധ്രയിലെ സെഷന്‍സ് ജഡ്ജിയുടെ അഭിപ്രായം ആണ് കണക്കിലെടുത്ത്. ഇത് ശരിയായ നടപടി അല്ല.

  1. എന്താണ് ഉത്തരവ് ?

നിയമ വാഴ്ച്ച നിലനില്‍ക്കുന്നു എന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം കോടതിയുടേത് ആണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപെടുമ്പോള്‍ കോടതി ഇടപെടണം. നിയമവാഴ്ച തകര്‍ന്നാല്‍ ഭരണഘടന ഉറപ്പ് നല്‍കുന്ന സമത്വം തകരും. ബില്‍ക്കിസ് ബാനു കേസില്‍ 11 പേര്‍ക്ക് നല്‍കിയ ശിക്ഷ ഇളവ് റദ്ദാക്കുന്നു. ഇവര്‍ രണ്ട് ആഴ്ച്ചയ്ക്കുള്ളില്‍ ജയിലില്‍ കീഴടങ്ങണം.

Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ജനുവരി 1 മുതല്‍   ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. രണ്ട് ബിഐഎസ് സര്‍ട്ടിഫൈഡ് ഹെല്‍മറ്റുകള്‍ നല്‍കുന്നതും നിര്‍ബന്ധമാക്കും. നിര്‍ദേശവുമായി കേന്ദ്രം

ഡല്‍ഹി : 2026 ജനുവരി 1 മുതല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും എഞ്ചിന്‍ വലിപ്പം നോക്കാതെ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം…
Read More

ലണ്ടനിലേക്ക് നിര്‍ത്താതെ പറക്കേണ്ട വിമാനത്തിന് പറന്നുയര്‍ന്ന ഉടൻ എങ്ങനെ സാങ്കേതിക തകരാറുണ്ടായി ? രാജ്യം നടുങ്ങിയ വിമാനദുരന്തത്തില്‍ അട്ടിമറി സംശയവും കടുക്കുന്നു. ദീര്‍ഘദൂര യാത്രയ്ക്ക് ഏറ്റവും സുരക്ഷിതമായ ബോയിംഗ് 787 ഇന്ത്യയില്‍ അപകടത്തില്‍പെടുന്നത് ആദ്യം.

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ ലണ്ടനിലേക്ക് പറന്നുയർന്ന എയർഇന്ത്യ വിമാനം തകർന്നുവീണതില്‍ അട്ടിമറിയുണ്ടോയെന്നും അന്വേഷണം.സർദാർ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനത്തില്‍…
Read More

മൂന്നാറിലും മറയൂരിലും കാട്ടാന ആക്രമണം; 4 പേർക്ക് പരുക്ക്

മൂന്നാർ: മറയൂരിലും മൂന്നാറിലുമായി കാട്ടാനയാക്രമണത്തിൽ 4 പേർക്കു പരുക്കേറ്റു. മാലിന്യസംസ്കരണ പ്ലാന്റിലെ ശുചീകരണത്തൊഴിലാളികളായ രാജീവ് ഗാന്ധി നഗറിൽ പി.അളകമ്മ (58), ഗൂഡാർവിള നെറ്റിക്കുടി സ്വദേശി…
Total
0
Share