മുട്ടം ∙ ഇടുക്കി ജില്ലാ കോടതിയിൽ ജഡ്ജിയുടെ ചേംബറിനു സമീപത്തെ ഭിത്തിയിൽ പാമ്പ് കയറി. മുട്ടത്തെ മൂന്നാം അഡിഷനൽ ജില്ലാ കോടതിയിലാണു കാട്ടുപാമ്പ് (ട്രിങ്കറ്റ് സ്‌നേക്) കയറി ഭീതി പരത്തിയത്.രാവിലെ കോടതി പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപ് 10.30ന് ആണു സംഭവം. ജഡ്ജിയുടെ ചേംബറിനു സമീപത്തെ ഭിത്തിയിലിരുന്ന പാമ്പ്, സ്റ്റെനോയുടെ സമീപമെത്തി. പിന്നീടു പ്രിന്ററിലും കയറി. ഈ സമയത്തു ഹാളിലുണ്ടായിരുന്ന അഭിഭാഷകരാണു പാമ്പിനെ ആദ്യം കണ്ടത്.
ജീവനക്കാരും അഭിഭാഷകരും പുറത്തിറങ്ങി വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി.കോടതിയിൽ എത്തിയ വനം ഉദ്യോഗസ്ഥർ പാമ്പിനെ കൂട്ടിലാക്കി. ഒളിച്ചിരിക്കാൻ അധികം ശ്രമം നടത്താതിരുന്നതിനാൽ പാമ്പിനെ വേഗം പിടികൂടാനായി. വിഷം ഇല്ലാത്ത പാമ്പാണിതെന്നു വനംവകുപ്പ് അധികൃതർ പറഞ്ഞു. പിടികൂടിയ പാമ്പിനെ ഇടുക്കി വനത്തിൽ തുറന്നുവിട്ടു. കോടതി നടപടികൾ തടസ്സപ്പെട്ടില്ല.